
ബംഗളുരു: എയ്റോ സ്പേസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ കർണാടക ഗവണ്മെന്റ് തീരുമാനിച്ചു. കർഷകരുടെയും പ്രകൃതിസ്നേഹികളുടെയും അതിശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പിന്മാറ്റം. ദേവനഹള്ളി ചന്നരായപട്ടണ താലൂക്കിലെ പതിമൂന്ന് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന 1777 ഏക്ര കൃഷിഭൂമി ഏറ്റെടുക്കാനാണ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നത്. കൃഷിക്കാരായ ഗ്രാമീണർ മണ്ണിൽ പൊന്നുവിളയിക്കുന്ന ഫലഭൂയിഷ്ഠമായ ഭൂമിയാണിത്. മൂന്നുവർഷം മുമ്പ് കഴിഞ്ഞ ഗവണ്മെന്റിന്റെ ഭരണകാലത്താണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. അന്ന് ആരംഭിച്ച കർഷക പ്രതിഷേധം അനുദിനം ശക്തിപ്പെട്ടുപോന്നു. രണ്ടുവർഷം മുമ്പ് അധികാരത്തിൽ വന്ന സിദ്ധരാമയ്യ ഗവണ്മെന്റും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണുണ്ടായത്. അതോടെ പ്രകൃതിസ്നേഹികളും എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും കർഷകരോടൊപ്പം അണിചേർന്നു. സംയുക്ത കിസാൻ മോർച്ചയും പിന്തുണയുമായി എത്തിയതോടെ പ്രതിഷേധസമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച സമരനേതാക്കളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ച നടത്തിയിരുന്നു. ഭൂമി വിട്ടുനൽകില്ല എന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിൽക്കുകയാണുണ്ടായത്." ഈ ഗവണ്മെന്റ് കർഷകരോടൊപ്പമാണ്. വ്യവസായ വികസനം അനിവാര്യമാണ്. എന്നാൽ അത് കർഷകരെ കരയിച്ചുകൊണ്ടാകരുതെന്ന് ഗവണ്മെന്റിന് നിർബന്ധമുണ്ട്. അതിനാൽ എയ്റോ സ്പേസ് പാർക്കിന് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണ്. എന്നിരുന്നാലും സ്വമേധയാ കർഷകർ വിട്ടുതരുന്ന ഭൂമി ഉയർന്ന നഷ്ടപരിഹാരം നൽകി ഗവണ്മെന്റ് ഏറ്റെടുക്കും" മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 1198 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം വിജയിച്ചതിൽ കർഷകസമൂഹവും അവരെ പിന്തുണച്ചവരും സന്തുഷ്ടരാണ്. ചന്നരായപ്പട്ടണയിൽ കർഷകർ മധുരം വിതരണം ചെയ്തു. കൃഷിഭൂമിയും കാർഷികസംസ്കാരവും സംരക്ഷിക്കാനുള്ള ഗ്രാമീണരുടെ നിശ്ചയദാർഢ്യമാണ് വിജയം കണ്ടതെന്ന് കർഷക നേതാവ് ബഡഗലപുര നാഗേന്ദ്ര പറഞ്ഞു. ചുവപ്പും (ഇടതുപക്ഷം) നീലയും ( അംബേദ്കർ വാദികൾ) പച്ചയും ( കൃഷിക്കാർ) ഒന്നിച്ചുചേർന്ന് നടത്തിയ പോരാട്ടമാണ് ലക്ഷ്യം കൈവരിച്ചതെന്ന് സി ഐ ടി യു നേതാവ് വരലക്ഷ്മി അവകാശപ്പെട്ടു. മറ്റു സമരനേതാക്കളും സന്തോഷം പങ്കുവെച്ചു. എന്നാൽ ദേവനഹള്ളിയെ പ്രതിനിധീകരിക്കുന്ന എം എൽ എയും ഭക്ഷ്യമന്ത്രിയുമായ കെ എച്ച് മുനിയപ്പയും വ്യവസായമന്ത്രി എം ബി പാട്ടീലും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും ഗവണ്മെന്റ് പിന്മാറിയതിൽ അസംതൃപ്തരാണ്. എയ്റോ സ്പേസ് പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ഭൂമി തങ്ങൾ നൽകാമെന്ന് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും യുവനേതാവുമായ നാരാ ലോകേഷ് എക്സിൽ കുറിച്ചു.
Photo Courtesy - Google











